FLASH NEWS

സൈബർ ക്രിമിനലുകൾക്ക് കടിഞ്ഞാൺ : വമ്പൻ പ്രഖ്യാപനവുമായി അമിത് ഷാ

WEB TEAM
September 11,2024 02:45 PM IST

ന്യൂഡെൽഹി :രാജ്യത്ത് വർദ്ധിച്ചു വരുന്ന സൈബർ കുറ്റകൃത്യങ്ങളെ പ്രതിരോധിക്കാൻ വൻ പടയൊരുക്കവുമായി  കേന്ദ്ര സർക്കാർ.

പ്രത്യേക പരിശീലനം നൽകിയ 5000 ‘സൈബർ കമാൻഡോകളെ’ രംഗത്തിറക്കുമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രഖ്യാപനം.

''സൈബർ കുറ്റകൃത്യങ്ങളെ കുറിച്ചുള്ള വിവരങ്ങൾ പങ്കുവയ്ക്കാൻ പ്രത്യേക പോർട്ടലും ഒരു ഡേറ്റ രജിസ്ട്രിയും ഉറപ്പാക്കും.പ്രമുഖ ബാങ്കുകൾ, സാമ്പത്തിക ഇടനിലക്കാർ, ടെലികോം സേവന ദാതാക്കൾ,ഐടി ഇടനിലക്കാർ, സംസ്ഥാന– കേന്ദ്ര ഭരണ പ്രദേശങ്ങളിലെ നിയമ നിർവഹണ ഏജൻസികൾ എന്നിവയുടെ പ്രതിനിധികളെ ഉൾപ്പെടുത്തി സൈബർ തട്ടിപ്പുകൾ നിയന്ത്രിക്കാനുള്ള പദ്ധതിയും രൂപീകരിക്കും'' - അമിത് ഷാ അറിയിച്ചു. ''ഈ ഏജൻസികളെല്ലാം ഒത്തൊരുമിച്ച് പ്രവർത്തിച്ച് ഓൺലൈൻ വഴിയുള്ള സാമ്പത്തിക കുറ്റകൃത്യങ്ങൾക്ക് അറുതി വരുത്തണം. മീവത്,ജമ്താര, അഹമ്മദാബാദ്, ഹൈദരാബാദ്, ചണ്ഡിഗഡ്, വിശാഖപട്ടണം, ഗുവാഹത്തി എന്നിവിടങ്ങളിൽ സൈബർ ഏകോപന സംഘത്തെ രൂപീകരിച്ചിട്ടുണ്ട്.ഇതിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്ററിന്റെ ഭാഗമായി വിവിധ സമൂഹമാധ്യമ പ്ലാറ്റ്‍ഫോമിലൂടെയുള്ള ബോധവത്കരണ പരിപാടികൾ നടത്തുന്നുണ്ട് '' - അമിത് ഷാ വ്യക്തമാക്കി.ഡൽഹിയിൽ ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്ററിന്റെ ആദ്യ സ്ഥാപക ദിനാഘോഷത്തിന്റെ ഭാഗമായി സംസാരിക്കുമ്പോഴായിരുന്നു അമിത് ഷായുടെ വാക്കുകൾ.

Comments 0

Kindly a‌void objectionable,derogatory, unlawful and lewd comments,while responding to reports.Such comments are punishable under cyber laws.Please keep away from personal attacks.The opinions expressed here are the personal opinions of readers and not that of Mukham News.